ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കോൺഗ്രസ് നടപടികളിൽ അന്തിമതീരുമാനം ഇന്നുണ്ടായേക്കും. എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് സജീവമായി പരിഗണിക്കുന്നത്. രാവിലെ അന്തിമ തീരുമാനം എടുക്കും.
എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദ്ദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നു.
തുടർന്നാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ അടക്കമുള്ള നേതാക്കളുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആശയ വിനിമയം നടത്തിയത്. ഉപതെരഞ്ഞെടുപ്പ് സാധ്യത ഇല്ലാതാക്കി കൊണ്ടുള്ള തീരുമാനം വേണം എടുക്കാൻ എന്നായിരുന്നു നേതാക്കളിൽ വലിയൊരു വിഭാഗത്തിന്റെ നിർദ്ദേശം.
















