ആഗ്ര: അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലേക്ക് ജനശതാബ്ദി എക്‌സ്പ്രസ് തിരിച്ചുവിട്ട സംഭവത്തില്‍ സ്‌റ്റേഷന്‍ മാനേജർക്കും ട്രാഫിക്ക് കണ്‍ട്രോളർക്കും സസ്‌പെൻഷൻ. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലെ ഹരിയാണയിലെ ഹോദല്‍ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ സത്ബീര്‍ സിങ്, കണ്‍ട്രോളര്‍ ഉപേന്ദ്ര യാദവ് എന്നിവരെയാണ് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു. കോട്ടയില്‍നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസാണ് അറ്റകുറ്റപ്പണി നടക്കുന്ന ലൂപ് ലൈനിലേക്ക് തിരിച്ചുവിട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ലൂപ്പ് ലൈനിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാര്‍ സ്ഥാപിച്ച ചുവന്നകൊടി കണ്ടതോടെ ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. സംഭവസമയം നൂറുകണക്കിന് യാത്രക്കാരും ട്രെയിനിലുണ്ടായിരുന്നു.
ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോവുകയായിരുന്ന ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ട്രെയിന്‍ ഹോദല്‍ സ്‌റ്റേഷനില്‍ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നത്. യാത്രക്കാരനായ 61-കാരന്‍ ബോധരഹിതനായതോടെ ഒപ്പമുണ്ടായിരുന്നവര്‍ ടിക്കറ്റ് പരിശോധകരെ വിവരമറിയിച്ചു. ഇതോടെ തൊട്ടടുത്ത സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താനായി അഭ്യര്‍ഥിച്ച് ആഗ്രയിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിവരംകൈമാറി. തുടര്‍ന്നാണ് തൊട്ടടുത്ത ഹോദല്‍ സ്‌റ്റേഷനില്‍ നിര്‍ത്തി യാത്രക്കാരന് വൈദ്യസഹായം നല്‍കാന്‍ തീരുമാനമായത്. എന്നാല്‍, ഇതേസമയം ഹോദല്‍ സ്‌റ്റേഷനിലെ ലൂപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധിക്കാതെയാണ് ജനശതാബ്ദി എക്‌സ്പ്രസ് ലൂപ്പ് ലൈനിലേക്ക് തിരിച്ചുവിട്ടത്. ട്രാക്കില്‍ ചുവന്നകൊടി കണ്ട് ലോക്കോപൈലറ്റുമാര്‍ ട്രെയിന്‍ ബ്രേക്ക് ചെയ്തതിനാലാണ് അപകടം ഒഴിവായത്. ഇതേത്തുടര്‍ന്ന് പത്തുമിനിറ്റോളം ട്രെയിന്‍ ഹോദലില്‍ നിര്‍ത്തിയിട്ടു. ഇതിനുശേഷമാണ് യാത്ര പുനരാരംഭിച്ചത്. അതിനിടെ, ബോധരഹിതനായ യാത്രക്കാരനെ പിന്നീട് മറ്റൊരു സ്റ്റേഷനില്‍ ഇറക്കി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
















