ഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേൽ. ബുധനാഴ്ച കുടുതൽ യുദ്ധ ടാങ്കുകളും സൈനികരും ഗാസയിലേക്ക് പ്രവേശിച്ചു. നഗരത്തിന്റെ നിയന്ത്രണം ഭാഗമികമായി ഇസ്രായേൽ സൈന്യത്തിന്റെ കൈകളിലാണ്. ഫോൺ, ഇന്റെർനെറ്റ് സേവനങ്ങൾ സൈന്യം പൂർണമായി വിച്ഛേദിച്ചിരിക്കുകയാണ്. ഇത് ആംബൂലൻസ് ഉൾപ്പടെയുള്ള അടിയന്തര സേവനങ്ങളെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ മാത്രം ഗാസ സിറ്റിയിൽ കൊല്ലപ്പെട്ടത് 91 പേരാണ്.ഗാസ സിറ്റിയിലെ കുറഞ്ഞത് 17ഓളം കെട്ടിടങ്ങളാണ് ഒറ്റ രാത്രി കൊണ്ട് തകർന്നത്. ബോംബാക്രമണത്തിനൊപ്പം സ്ഫോടനാത്മക റോബോട്ടുകൾ ഉപയോഗിച്ചും ഇസ്രയേൽ സൈന്യം ഒരേ സമയം വടക്ക്, തെക്ക്, കിഴക്ക് പ്രദേശങ്ങളിൽ ആക്രമണം നടത്തി.
20 ഭവന യൂണിറ്റുകൾ വീതം നശിപ്പിക്കാൻ സാധിക്കുന്ന 15 ഓളം മെഷീനുകൾ ഇസ്രയേൽ സ്ഥാപിച്ചിട്ടുണ്ടെന്ന് യൂറോ മെഡ് മോണിറ്റർ എന്ന സംഘടന ഈ മാസം ആരംഭത്തിൽ പറഞ്ഞിരുന്നു.രണ്ട് വർഷമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 65000 പേരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേലിന്റെ കരയാക്രമണത്തിൽ ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിനാളുകൾ. രണ്ട് വർഷത്തെ യുദ്ധത്തിനിടയിൽ ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരിക്കലും തിരിച്ച് വരാനാകാത്ത രീതിയിലാണ് ഗാസ സിറ്റിയിൽ നിന്ന് ആളുകൾ പലായനം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
















