ഹോര്‍മുസ് കടലിടുക്കില്‍ യു.എ.ഇ കപ്പലുകള്‍ക്ക് നേരെ ആക്രമണം. രണ്ട് കപ്പലുകള്‍ക്കു നേരേയാണ് ഇറാന്റെ ആക്രമണം ഉണ്ടായത്. ഹോര്‍മുസ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രണ്ട് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി അബൂദാബി എണ്ണകമ്പനിയായ ‘അഡ്‌നോക്’ സ്ഥിരീകരിച്ചു. കപ്പലാക്രമണത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം അതീവ ദുഷ്‌കരമായി തുടരുന്നതിനിടെയാണ് യു.എ.ഇ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഹോര്‍മുസിന്റെ നിയന്ത്രണം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
അതേസമയം, ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ ശേഷം ഹോര്‍മുസില്‍ വെച്ച് ആക്രമിക്കപ്പെട്ട അഡ്‌നോകിന്റെ കപ്പലുകളുടെ എണ്ണം 17 ആയി. 2026 ആഗസ്റ്റ് ഏഴ് വരെ 15 കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നതായി അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) സ്ഥിരീകരിച്ചിരുന്നു. ഈ ആക്രമണങ്ങളില്‍ ഒരാള്‍ മരണപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആഗസ്റ്റ് ആദ്യം മാത്രം മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ മാസം അഡ്‌നോകിന്റെ അഞ്ച് കപ്പലുകളാണ് ഹോര്‍മുസില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.
















