മണാലിയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ബിജെപി നേതാവും എംപിയുമായ കങ്കണ റണാവത്ത്. മണാലിയെ സാധാരണ നിലയിലേക്ക് കൊണ്ടു വരാനുള്ള പ്രവർത്തനങ്ങള്‍ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ എത്രയും വേഗത്തില്‍ നടപ്പിലാക്കുമെന്ന് കങ്കണ ഉറപ്പ് നല്‍കി. കനത്ത മഴ മണാലിയിലെ തൻ്റെ റസ്റ്റോറന്‍റിനെയും സാരമായി ബാധിച്ചെന്ന് കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
“മണാലിയിലെ കനത്ത മഴ മൂലമുണ്ടായ ദുരന്തത്തിൽ ഞാൻ വളരെയധികം ദുഃഖിതയാണ്. മണാലിയിലെ ജനങ്ങള്‍ ടൂറിസത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ കനത്ത മഴ ടൂറിസം മേഖലയെ സ്‌തംഭിച്ചിരിക്കുന്നു. മണാലിയെ സാധാരണ നിലയിലേക്ക് കൊണ്ടു വരാനുള്ള പ്രവർത്തനങ്ങള്‍ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ നടത്തും”കങ്കണ പറഞ്ഞു.
എൻ്റെ റസ്‌റ്റോറൻ്റില്‍ നിന്ന് ഇന്നലെ എനിക്ക് 50 രൂപ മാത്രമേ സമ്പാദിക്കാൻ കഴിഞ്ഞുള്ളൂ. മറ്റാരെക്കാളും എനിക്ക് നിങ്ങളുടെ വിഷമം മനസിലാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സോളാങ് നള, പാൽചാൻ, ബഹാഗ്, സംഹാൻ എന്നീ പ്രധാന വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളാണ് കങ്കണ സന്ദർശിച്ചത്. ഒപ്പം ദുരിതബാധിത കുടുംബങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. കേന്ദ്ര സർക്കാർ പൂർണ്ണ പിന്തുണ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് കങ്കണ അവർക്ക് ഉറപ്പ് നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്നും സന്ദർശന വേളയില്‍ കങ്കണ പറഞ്ഞു.
ദുരന്ത സമയത്ത് ഡൽഹിയിൽ ഉണ്ടായിരുന്നുവെന്നും കേന്ദ്ര മന്ത്രിമാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ട് ഹിമാചൽ പ്രദേശിനുള്ള ദുരിതാശ്വാസത്തെക്കുറിച്ച് ചർച്ച ചെയ്‌തിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. “ദുരന്തസമയത്ത് എന്നെ കാണാതായെന്ന് ചിലർ പറയുന്നു. മന്ത്രിമാരുമായും പ്രധാനമന്ത്രിയുമായും ഞാൻ മീറ്റിങുകൾ നടത്തുന്ന തിരക്കിലായിരുന്നു. എനിക്ക് മുമ്പ് ഹിമാചൽ പ്രദേശിനെക്കുറിച്ച് ഇത്രയും ഗൗരവമേറിയ ചർച്ചകൾ ഒരു എംപിയും നടത്തിയിട്ടില്ല. എനിക്ക് ഇവിടെ ഒരു വീടും ബിസിനസും ഉണ്ട്, അതിനാൽ ഞാൻ എപ്പോഴും ജനങ്ങളോടൊപ്പം നിൽക്കും” അവർ കൂട്ടിച്ചേർത്തു.
ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും കങ്കണ വിമര്‍ശിച്ചു. “സുഖു സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപ ലഭിച്ചു. ആ പണം ഉപയോഗിച്ച് എന്താണ് ചെയ്‌തത്? ആളുകൾക്ക് ഉത്തരങ്ങൾ വേണം” കങ്കണ പറഞ്ഞു.
ചില ഗ്രൂപ്പുകൾ ദുരന്തത്തെ ദുരുപയോഗം ചെയ്‌ത് സ്വകാര്യ സംഘടനകൾ വഴി പണം സ്വരൂപിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. ദുരിതാശ്വാസം ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയോ ജില്ലാ മജിസ്‌ട്രേറ്റിലൂടെയോ ഫണ്ട് നൽകണമെന്നും കങ്കണ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
















