പ്രഭാതഭക്ഷണം ഒഴിവാക്കുകയോ പോഷകങ്ങൾ ഇല്ലാത്ത ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം തന്നെ ശരീരഭാരം വർധിക്കാതിരിക്കാനും വഴിയുണ്ട്. അതിന് സഹായകരമായ ഈ കഞ്ഞി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഇതിൽ പോഷക സമ്പന്നമായ പല ചേരുവകൾ ഉണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ ഇത് ശരീരത്തിന് ശക്തി നൽകുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഈ കഞ്ഞി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ബ്രൗൺ റൈസ് – 1 കപ്പ്
പയർ – 1 കപ്പ്
വെളുത്തുള്ളി – 4-5 അല്ലി
ചുവന്നുള്ളി- 5
കാരറ്റ് – 1
ജീരകം – 1/2 ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
പച്ചമുളക് – 1
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 5 കപ്പ്
ചൂടുവെള്ളം – ആവശ്യത്തിന്
തേങ്ങ ചിരകിയത് – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ബ്രൗൺ റൈസും പച്ചപയറും നന്നായി കഴുകിയെടുക്കാം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ചുവന്നുള്ളി, കാരറ്റ് കഷ്ണങ്ങൾ, ജീരകം, ഉലുവ, പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ശേഷം 5 കപ്പ് വെള്ളം അതിലേയ്ക്ക് ഒഴിച്ച് 8 മുതൽ 9 വരെ വിസിൽ അടിയ്ക്കാൻ വയ്ക്കാം. വിസിൽ വന്നതിനു ശേഷം അടുപ്പണച്ച് പ്രഷർ പോയി കഴിയുമ്പോൾ തുറക്കാം. ഒരു ഫോർക്ക് ഉപയോഗിച്ച് അരിയും പയറും ഉടയ്ക്കാം. അവസാനം ആവശ്യമായ അളവിൽ ചൂടുവെള്ളം ഒഴിച്ച് അതിലേയ്ക്ക് തേങ്ങ ചിരകിയതു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ വിളമ്പാം. രുചികരവും ആരോഗ്യകരവുമായ ഒരു പയർ കഞ്ഞിയാണിത്. ചമ്മന്തി, അച്ചാർ എന്നിവ ഇതിനൊപ്പം കഴിക്കാവുന്നതാണ്. രുചിയിൽ മാത്രമല്ല പ്രോട്ടൻ സമ്പന്നമായ ഈ കഞ്ഞിയുടെ ഗുണവും നിങ്ങളെ അത്ഭുതപ്പെടുത്തും. രാവിലെ ഈ കഞ്ഞി കുടിക്കുന്നത് അനാവശ്യമായ കൊഴുപ്പ് അലിയിച്ചു കളയാൻ സഹായിക്കും.
















