ഡൽഹി: സിപിഐ ജനറൽ സെക്രട്ടറി പദത്തിൽ ഡി. രാജ തുടരും. ഇന്നലെ രാത്രി നിർവാഹക സമിതി യോഗത്തിലാണു തീരുമാനം. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഡി രാജയ്ക്ക് മാത്രം പ്രായ പരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചതായും, ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് – കൗൺസിൽ യോഗങ്ങൾക്ക് ശേഷമാണ് പ്രതികരണം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
75 വയസ്സ് പ്രായപരിധിയെ തുടർന്ന് കേന്ദ്ര സെക്രട്ടേറിയേറ്റിൽ നിന്ന് കെ. നാരായണ, പല്ലഭ് സെൻ ഗുപ്‌ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവർ ഒഴിവാകും. പ്രായപരിധി ഇളവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാന ഘടകങ്ങൾ രംഗത്തെത്തിയിരുന്നു. കേരളത്തിന് പിന്നാലെ ആന്ധ്ര, തെലങ്കാന സംസ്ഥാന ഘടകകങ്ങളും പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ദേശീയ നേതൃത്വത്തിന് കടുത്ത വീഴ്ചയെന്നാണ് വിമർശനം.
അതേസമയം, പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. ഡി രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം നിർദേശം വച്ചിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്.
















