ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ പ്രതിശ്രുത വരനും വധുവും. കരൂർ സ്വദേശികളായ ആകാശും ഗോകുലശ്രീയുമാണ് മരിച്ചത്. വിജയ്ക്കൊപ്പം സെൽഫിയെടുക്കാനാണ് ഇരുവരും റാലിക്ക് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ജനുവരിയിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഇന്നലെ വൈകിട്ട് ആറര മണിക്ക് അവരെന്നെ വിളിച്ചിരുന്നു. സുരക്ഷിതമായി വരണമെന്ന് ഇരുവരോടും പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ജീവനറ്റ ശരീരമാണ് കണാനായത്. കഷ്ടപ്പെട്ടാണ് ആകാശിനെ പഠിപ്പിച്ചത്. അവനില്ലാതെ എനിക്ക് ആരുമില്ല. ജീവിക്കേണ്ട പ്രായത്തിൽ രണ്ടുപേരും പോയി’’– പൊട്ടിക്കരഞ്ഞ് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
നടപടികൾ പൂർത്തിയാക്കി രാവിലെ മൃതദേഹങ്ങൾ വിട്ടു കൊടുത്തപ്പോൾ ആശുപത്രി പരിസരത്ത് കൂട്ടക്കരച്ചിൽ ഉയർന്നു. മൃതദേഹങ്ങളിൽ മുഖംചേർത്ത് അമ്മമാർ പൊട്ടിക്കരഞ്ഞു. ഒന്നരവയസ്സുള്ള കുട്ടിയും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ഒന്ന് കണ്ണു തുറക്കുമോ എന്നു ചോദിച്ച് കുട്ടിയുടെ അമ്മ അലമുറയിട്ടത് ആശുപത്രി അധികൃതരെയും ഉലച്ചു.
15 വയസ്സിൽ താഴെയുള്ള ആയിരത്തോളം കൂട്ടികളാണു റാലിയിൽ പങ്കെടുത്തത്. തിക്കിലും തിരക്കിലും 16 സ്ത്രീകളും 9 കുട്ടികളും അടക്കം 39 പേർ ഇതുവരെ മരിച്ചെന്നാണ് കണക്ക്. ചെറിയ കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിനെതിരെ പലരും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു. പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
കരൂര്‍, നാമക്കൽ, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്‍മോര്‍ട്ടം നടപടകള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ വേഗത്തിൽ വിട്ടുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
പുലര്‍ച്ചെ 3.30ഓടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. പരിക്കേറ്റവരെയും ആശ്വസിപ്പിച്ചു. ആശുപത്രിയിൽ അവലോകന യോഗം ചേര്‍ന്ന ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്. കരൂര്‍ ദുരന്തത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
















