എക്‌സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അറിയപ്പെടുന്ന വരുമാനത്തിന് അപ്പുറമുള്ള പണമിടപാടുകള്‍ വീണ കൈകാര്യം ചെയ്‌തെന്ന രേഖകളാണ് ഇഡിക്ക് ലഭിച്ചിരിക്കുന്നത്. 85 ലക്ഷം രൂപ വീണ ദുബായിലേക്ക് അയച്ചു. വീണയുടെ കൈയെഴുത്ത് കണക്കുകളും ഹവാല ഇടപാടിന്റെ തെളിവുകളും പരിശോധനയില്‍ കണ്ടെത്തിയെന്നും ഇ ഡി അറിയിച്ചു. കോഴിക്കോട് നടന്ന റെയ്ഡിന്റെ പശ്ചാത്തലത്തില്‍ വീണയുടെ കൈയെഴുത്തോടുകൂടിയ രേഖകള്‍ കണ്ടെത്തി എന്നുള്‍പ്പെടെയാണ് ഇ ഡി വ്യക്തമാക്കിയിരിക്കുന്നത്. 3.49 ലക്ഷം ദിര്‍ഹം കൈമാറിയതിന്റെ രേഖകളും കണ്ടെത്തി. 20.05 കോടി ഇന്ത്യന്‍ രൂപ കൈമാറിയെന്നാണ് ഇ ഡി പറയുന്നത്.
മറ്റൊരാളുടെ പേരിലെടുത്ത സിം കാര്‍ഡുകളും വൈ ഫൈ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ ഇന്റര്‍നെറ്റ് കോളിങിന് ഉള്‍പ്പെടെ ഉപയോഗിച്ചിരിക്കാം എന്നാണ് ഇ ഡി പറയുന്നത്. ചില വ്യക്തികളുമായുള്ള ഇടപാടുകളുടെ കണക്കുകളും വീണയുടെ കൈയെഴുത്ത് കണക്കുകളില്‍ നിന്ന് ലഭിച്ചതായാണ് ലഭിക്കുന്ന സൂചന. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇതിനിടെയാണ് ലേക്കര്‍ ഇന്ത്യ കോര്‍പ് കമ്പനിയുടെ നടത്തിപ്പ് സംബന്ധിച്ച ദുരൂഹത ഇഡിയ്ക്ക് മുന്നിലെത്തുന്നത്. വീണയുടെ ഡയറിയിലും ഈ പേരുകള്‍ ഉണ്ടായിരുന്നു. മറ്റൊരു കമ്പനി സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലത്തെ പരിശോധന വീണ ടി, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചാണ് പരിശോധന.
Story Highlights : ED Finds evidence for hawala money transfer in masappadi case

















