സ്വകാര്യ സ്ഥാപനത്തിലെ 17 വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ പ്രതി സ്വാമി ചൈതന്യനന്ദ സരസ്വതിക്കെതിരെയുള്ള തെളിവുകൾ കണ്ടെത്തി പോലീസ്. ഇയാളുടെ ഫോണിൽ നിന്നും ഒന്നിലധികം സ്ത്രീകളുമായുള്ള ചാറ്റുകളും അശ്ലീല ചിത്രങ്ങളും അന്വേഷണ സംഘം കണ്ടെത്തി.
ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, വ്യാജ വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ വശീകരിക്കാൻ ശ്രമിച്ചതായും, എയർ ഹോസ്റ്റസുമാർക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും, നിരവധി അശ്ലീല ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകളും കണ്ടെത്തിയതായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ചൈതന്യാനന്ദ് സരസ്വതിയുടെ രണ്ട് വനിതാ സഹായികൾ ഇരകളെ ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങൾ നശിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇവരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തുവരികയാണ്. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടറും സ്വയം പ്രഖ്യാപിത ആൾദൈവവുമായ പ്രതിക്കെതിരെ ലൈംഗിക പീഡനം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിരവധി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലൈംഗികാതിക്രമം മുതൽ 122 കോടി രൂപയുടെ ഒരു ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ വരെ ഇയാൾക്കെതിരെ ഉണ്ടായിരുന്നു. എന്നാൽ അന്വേഷണവുമായി ചൈതന്യാനന്ദ് സരസ്വതി സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. താൻ ചെയ്ത പ്രവൃത്തികളിൽ യാതൊരു വിധ പശ്ചാത്താപവും ഇയാൾ പ്രകടിപ്പിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഒഴിവാക്കിവിടുന്ന രീതിയിലുള്ള മറുപടികളാണ് ഇയാൾ നൽകുന്നതെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ചൈതന്യനന്ദ സരസ്വതിയെ ആഗ്രയിൽ നിന്നാണ് ദില്ലി പൊലീസ് പിടികൂടുന്നത്. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളായ 17 പെൺകുട്ടികളാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകിയത്. സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ആരോപണമുണ്ട്. വിദ്യാർഥികളോട് മോശം ഭാഷ ഉപയോഗിച്ചെന്നും അശ്ലീല സന്ദേശം അയച്ചെന്നും ശാരീരിക ബന്ധത്തിനു നിർബന്ധിച്ചെന്നുമാണ് പരാതി. ആരോപണങ്ങൾക്കു പിന്നാലെ സ്വാമിയെ സ്ഥാപനത്തിൽനിന്നു പുറത്താക്കിയിരുന്നു. പ്രതിയുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തി വരികയാണ്.
STORY HIGHLIGHT: sexual assault case chaitanyananda saraswati
















