മര്‍ദന ആരോപണത്തിന് പിന്നാലെ ആലപ്പുഴ ഡിവൈഎസ്പി എം.ആര്‍ മധുബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്.കോന്നി എസ്.എച്.ഒ ആയിരുന്ന സമയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ ഹൈക്കോടതി മധുബാബുവിന് നോട്ടീസ് അയച്ചിരുന്നു. വിവിധ ജില്ലകളില്‍ നിന്നും സമാന രീതിയില്‍ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിവരം. (alappuzha dysp madhu babu transferred)
കോന്നി സി.ഐയായിരുന്ന സമയത്ത് മധു ബാബു അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്‌ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടാണ് ആദ്യം രംഗത്തുവന്നത്. ഇതിനു പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നെല്ലാം പരാതികളുയര്‍ന്നു. തൊടുപുഴ മലങ്കര സ്വദേശി വി.കെ മുരളീധരനാണ് ഏറ്റവും ഒടുവില്‍ പരാതിയുമായെത്തിയത്.തൊടുപുഴ ഡിവൈഎസ്പിയായിരുന്ന സമയത്ത് മധു ബാബു ഓഫീസില്‍ വെച്ച് മര്‍ദിച്ചു എന്നായിരുന്നു പരാതി.
പൊലീസ് മര്‍ദനത്തെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മധു ബാബുവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോട് നല്‍കിയ ഹര്‍ജിയില്‍ മധുബാബുവിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.മധു ബാബുവിനെതിരായ നടപടിയില്‍ പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് മടക്കി പുതിയ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയില്‍ നിന്നും സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് മധു ബാബുവിനെ മാറ്റിയത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന ബിജു വി നായര്‍ ആലപ്പുഴ ഡിവൈഎസ്പിയാകും. കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്‌നനാക്കി മര്‍ദിക്കുകയും ശരീരത്തില്‍ ചൊറിയണം തേക്കുകയും ചെയ്ത സംഭവത്തില്‍ 2024 ഡിസംബറില്‍ ചേര്‍ത്തല ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതി മധു ബാബുവിനെ ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ആണ് മധു ബാബു.
STORY HIGHLIGHT: alappuzha dysp madhu babu transferred
















