തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ആര്‍ത്തവ അവധി നയത്തിന് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാർ. ഇതിന്റെ ഭാഗമായി ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് പ്രതിമാസം ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും.
‘ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ കൊണ്ടുവന്നതില്‍ വെച്ച് ഏറ്റവും പുരോഗമനപരമായ നിയമമാണിത്. സ്ത്രീകള്‍ക്ക് ഒരു വര്‍ഷത്തില്‍ അനുവദനീയമായ 12 അവധികള്‍ വരെ എടുക്കാം. അവരുടെ ആര്‍ത്തവചക്രത്തിനനുസരിച്ച്, മാസത്തില്‍ ഒന്നായോ അല്ലെങ്കില്‍ എല്ലാം ഒന്നിച്ചോ, എങ്ങനെ വേണമെങ്കിലും അവര്‍ക്ക് തിരഞ്ഞെടുക്കാം. സ്ത്രീകളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുകയും അവര്‍ വഹിക്കേണ്ട പങ്കുകളെ പരിഗണിക്കുകയും ചെയ്യുന്ന ഒരു പുരോഗമന സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലാണിത്.’ തൊഴില്‍ മന്ത്രി സന്തോഷ് ലാദ് പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, വസ്ത്രനിര്‍മ്മാണ ശാലകള്‍, ബഹുരാഷ്ട്ര കമ്പനികള്‍, ഐടി സ്ഥാപനങ്ങള്‍, മറ്റ് സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ അവധി അനുവദിക്കണം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്.
STORY HIGHLIGHT: karnataka paid menstrual leave
















