കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌കട്ട് കോഴിയറവ് മാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ കഴിഞ്ഞ ദിവസം നടന്ന ജനകീയസമരം വൻ സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ റൂറൽ എസ്.പി. ഉൾപ്പെടെ 22 പോലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റ് മെഹറൂഫിനെ ഒന്നാംപ്രതിയാക്കി പോലീസ് കേസെടുത്തു.
സംഘർഷവുമായി ബന്ധപ്പെട്ട് ആകെ നാല് എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. പോലീസുകാരെ ആക്രമിച്ചതിന് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി മുപ്പതോളം പേർക്കെതിരെയും, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കലാപശ്രമത്തിനും മുന്നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസുകളിൽ ഉൾപ്പെട്ട പലരും ഒളിവിലാണെന്നാണ് സൂചന.
രാവിലെ സമാധാനപരമായി ആരംഭിച്ച റോഡ് ഉപരോധം വൈകീട്ട് നാലരയോടെയാണ് അക്രമാസക്തമായത്. കോടതിവിധി നടപ്പാക്കി മാലിന്യം വഹിച്ച വാഹനം പ്ലാന്റിലേക്ക് കടത്താൻ പോലീസ് ശ്രമിച്ചതോടെ സമരക്കാർ തടഞ്ഞു. ഇതോടെ റൂറൽ എസ്.പി. കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ നീക്കാൻ ശ്രമിച്ചു. രോഷാകുലരായ സമരക്കാർ പോലീസിനുനേരെ രൂക്ഷമായ കല്ലേറ് നടത്തുകയും പാചകത്തിനായി കൊണ്ടുവന്ന കോരി ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു.
തുടർന്ന് പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ ചിതറിയോടിയ ഒട്ടേറെ നാട്ടുകാർക്ക് പരിക്കേറ്റു. അഞ്ചു കുട്ടികൾ ഉൾപ്പെടെ 28 പേർ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിനിടെ ചില സമരക്കാർ പ്ലാന്റിനകത്ത് കടന്ന് ഉപകരണങ്ങളും മാലിന്യസംഭരണകേന്ദ്രവും അഗ്നിക്കിരയാക്കി. കൂടാതെ, പ്ലാന്റിലും പരിസരത്തുമായി നിർത്തിയിട്ട 13 വാഹനങ്ങൾ കത്തിക്കുകയും മൂന്ന് വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. തീ അണയ്ക്കാനെത്തിയ ഫയർ എഞ്ചിൻ ഒരു മണിക്കൂറോളം സമരക്കാർ തടഞ്ഞുവെച്ചു.
കല്ലേറിൽ മോണയ്ക്കും ചുണ്ടിനും പരിക്കേറ്റ റൂറൽ എസ്.പി. കെ.ഇ. ബൈജു ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. നിലവിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര ഉൾപ്പെടെയുള്ള വൻ പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യപ്രശ്‌നം രൂക്ഷമായ താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെ പരിസരപ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ജനകീയസമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
















