കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വ്വീസസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 385 കോടി രൂപയുടെ അറ്റാദായമുണ്ടാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധനവാണിത്. ഈ കാലയളവില്‍ ഏഴു ശതമാനം വര്‍ധനവോടെ 3481 കോടി രൂപയുടെ വരുമാനവും കൈവരിച്ചു.
സെപ്റ്റംബര്‍ 30-ന് അവസാനിച്ച രണ്ടാം ത്രൈമാസത്തില്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ നാലു ശതമാനം വര്‍ധനവോടെ 27,807 കോടി രൂപയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ആകെ വരുമാനം 1784 കോടി രൂപയാണ്. ഒന്‍പതു ശതമാനം വളര്‍ച്ചയാണ് ഇതു സൂചിപ്പിക്കുന്നത്. ജിഎസ്ടി നിരക്കുകള്‍ കുറച്ചതിന്‍റെ ഫലമായി ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില്‍പനയിലുണ്ടായ വര്‍ധനവ് അടക്കമുള്ള ഘടകങ്ങള്‍ ടിവിഎസ് ക്രെഡിറ്റിന് മികച്ച നേട്ടം കൈവരിക്കാന്‍ സഹായകമായി.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 25 ലക്ഷത്തിലേറെ പുതിയ ഉപഭോക്താക്കള്‍ക്കാണ് ടിവിഎസ് ക്രെഡിറ്റ് വായ്പകള്‍ വിതരണം ചെയ്തത്. ഇതോടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 2.1 കോടിയിലെത്തി.
















