രാജ്യതലസ്ഥാനത്തെ രൂക്ഷമായ വായുമലിനീകരണം പരിഹരിക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ക്ലൗഡ് സീഡിങ് പരാജയം. മേഘങ്ങളിൽ ഈർപ്പം കുറവായിരുന്നതാണ് ഇതിന് കാരണമെന്ന് പരിസ്ഥിതി മന്ത്രി മൻജിന്ദർ സിങ് സിർസ വിശദീകരിച്ചു.
സാധാരണ 50 ശതമാനം ഈർപ്പം ആവശ്യമുള്ളിടത്ത്, 10-15 ശതമാനം ഈർപ്പമുള്ള സാഹചര്യത്തിൽ ഫലമുണ്ടാകുമോ എന്നറിയാനാണ് ഐഐടി കാൺപൂർ ഈ പരീക്ഷണം നടത്തിയത്. ഐഐടി കാൺപൂരിൻ്റെ ആത്മവിശ്വാസം കണക്കിലെടുത്താണ് സർക്കാർ മുന്നോട്ട് പോയതെന്നും മന്ത്രി അറിയിച്ചു.
കുറഞ്ഞ ഈർപ്പം കാരണം ഡൽഹിയിൽ മഴ ലഭിച്ചില്ലെങ്കിലും, ഐഐടി കാൺപൂരിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ക്ലൗഡ് സീഡിങ് നടത്തിയ ശേഷം നോയിഡയിലും (0.1 mm) ഗ്രേറ്റർ നോയിഡയിലും (0.2 mm) നേരിയ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാൺപൂരിനും മീററ്റിനുമിടയിൽ രണ്ട് വിമാനങ്ങൾ ഉപയോഗിച്ച് ഒരേ പാതയിലാണ് ക്ലൗഡ് സീഡിങ് നടത്തിയത്.
ഇതിനുശേഷം വായുവിൻ്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. എങ്കിലും, കൃത്രിമ മഴ ലഭിക്കാത്ത സാഹചര്യത്തിൽ ഡൽഹിയിൽ ഇന്ന് വീണ്ടും ക്ലൗഡ് സീഡിങ് നടത്തും, കൂടാതെ കൂടുതൽ കെട്ടിടങ്ങളിൽ ആൻ്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന കാറ്റിന്റെ ദിശ സംബന്ധിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ക്ലൌഡ് സീഡിങ് വരും ദിവസങ്ങളിൽ തുടരുമെന്ന് മന്ത്രി സിർസ അറിയിച്ചു.
















