ഇന്ത്യയുമായി പുതിയ വ്യാപാരക്കരാറിന് ശ്രമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്ക് മുന്നോടിയായി ദക്ഷിണ കൊറിയയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാകാനുള്ള സാധ്യത തന്റെ ഇടപെടൽ വഴി ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. “ഇവ രണ്ടും ആണവശക്തികളാണ്… അവർ ശരിക്കും ഏറ്റുമുട്ടലിനൊരുങ്ങുകയായിരുന്നു,” ട്രംപ് പറഞ്ഞു. വ്യാപാരക്കരാർ നിർത്തിവെക്കുമെന്ന് താൻ ഇരു രാജ്യങ്ങളെയും അറിയിച്ചതോടെയാണ് സംഘർഷം അയഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ വാദം. “പ്രധാനമന്ത്രി മോദി കാണാൻ ഏറ്റവും സൗമ്യനാണ് . പക്ഷേ അദ്ദേഹം തീവ്രമായി നിലപാട് എടുക്കുന്ന ആളാണ് ,” ട്രംപ് ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിന് ശേഷം ഇരു നേതാക്കളും തങ്ങളുടെ നിലപാട് മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയുടെ ഊർജ്ജ വാങ്ങൽ രാജ്യത്തിൻ്റെ സുരക്ഷാ ആവശ്യകതകളും വിപണിയിലെ വിലയിരുത്തലുകളും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ, റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൻ്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 50% വരെ അധിക തീരുവ ചുമത്തിയിരുന്നു.
മാസങ്ങളായി തുടരുന്ന വ്യാപാര ചർച്ചകൾ നിലവിൽ അന്തിമഘട്ടത്തിലാണ് എന്ന റിപ്പോർട്ടുകൾ ഈ വാർത്തയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ മിക്ക വിഷയങ്ങളിലും ധാരണയിലെത്തി കഴിഞ്ഞതായും, നിയമപരമായ രൂപരേഖ പരിശോധിക്കുകയാണെന്നും സൂചനയുണ്ട്. കരാർ നിലവിൽ വന്നാൽ, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള 50% തീരുവ 15-16 ശതമാനമായി കുറച്ചേക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.
















