ഇന്ത്യക്കെതിരെ കടുത്ത ആരോപണവുമായി പാക് പ്രതിരോധ മന്ത്രി. പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ അശാന്തിക്ക് പിന്നിൽ ഇന്ത്യയാണെന്ന ഗുരുതരമായ ആരോപണവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയിരിക്കുന്നത്. പാക്ക് ടിവി ചാനലായ ജിയോ ന്യൂസിലെ ‘ആജ് ഷഹ്‌സേബ് ഖൻസാദ കെ സാത്ത്’ എന്ന പ്രൈംടൈം ഷോയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്. അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യക്ക് നേരിട്ട തോൽവിക്ക് അഫ്ഗാനിസ്ഥാനെ ഉപയോഗിച്ച് പകരം വീട്ടാൻ ശ്രമിക്കുകയാണെന്ന് ഖ്വാജ ആസിഫ് ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇന്ത്യ സന്ദർശിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ചെറിയ യുദ്ധത്തിൽ ഏർപ്പെടാൻ ഇന്ത്യ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും, അതിനായി കാബൂളിനെ ഒരു ഉപകരണമായി ഉപയോഗിക്കുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി പാക്കിസ്ഥാനിലെ ഭീകരവാദത്തിന് പിന്നിൽ അഫ്ഗാനിസ്ഥാനാണെന്നും, അവർ ഇന്ത്യയുടെ ഒരു ഉപകരണമാണ് എന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ ആക്രമണം നടത്താൻ ധൈര്യപ്പെട്ടാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. “അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനിലേക്ക് നോക്കാൻ പോലും ധൈര്യപ്പെടില്ല. അങ്ങനെ ചെയ്താൽ അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കും” അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദിനെ ആക്രമിക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ ഉചിതമായ മറുപടി നൽകുമെന്നും, അത് 50 മടങ്ങ് ശക്തമായ തിരിച്ചടി ആയിരിക്കുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. സമാധാന കരാറിൽ നിന്ന് പിന്മാറുന്ന അഫ്ഗാൻ സർക്കാരിനെയും ഖ്വാജ ആസിഫ് രൂക്ഷമായി വിമർശിച്ചു.
















