കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാർ ഏറെക്കാലമായി കാത്തിരുന്ന നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ ബോർഡ് അനുമതി നൽകി. പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിൽ വൻ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്രമന്ത്രി ജോർജ് കുര്യനെ അറിയിച്ചത്.
വിമാന യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലാണ് പുതിയ റെയിൽവേ സ്റ്റേഷന്റെ രൂപകൽപ്പന. അങ്കമാലി-ചൊവ്വര റെയിൽവേ പാതക്കിടയിൽ വിമാനത്താവളത്തോട് ചേർന്നാകും സ്റ്റേഷൻ നിർമ്മിക്കുക.
റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ, റെയിൽവേ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി കൊച്ചിയിലെ വ്യോമയാന മേഖലയ്ക്ക് പുതിയ ഉണർവ്വേകും.
















