ഒരു യുവാവിനെ വെടിവെച്ച് കൊല്ലുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള വീഡിയോയാണെന്നും ഹിന്ദുക്കളാണ് കൊലപാതകത്തിനു പിന്നിലെന്നും പോസ്റ്റില്‍ പറയുന്നു. അബോധാവസ്ഥയിലായ ഒരു യുവാവിനെ നിലത്തിട്ട് തൊട്ടടുത്ത് നിന്ന് മറ്റൊരാള്‍ വെടിവയ്ക്കുന്ന ദൃശ്യമാണിത്.
“ഇതാണ് ചാണക സംഘികള്‍ ആവേശത്തോടെ പറയുന്ന U. P.
അവിടെ ബലാത്സംഗം കൊലപാതകം എന്നിവ ഹിന്ദുത്വ വാദികള്‍ക്ക് ചെയ്യാം …
പക്ഷെ പശു അമ്മയാണ് ദൈവമാണ് തൊട്ട് പോകരുത്….
മീററ്റിലെ ലോഹിയ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആദില്‍ എന്ന യുവാവിന്റെ ക്രൂരമായ കൊലപാതകം ഉത്തര്‍പ്രദേശിന്റെ നിയമലംഘനത്തെ തുറന്നുകാട്ടി…. കുറ്റവാളികള്‍ ആദ്യം അയാളെ കഴുത്തു ഞെരിച്ച് കൊന്നു, തുടര്‍ന്ന് നെഞ്ചില്‍ മൂന്ന് തവണ വെടിവച്ചു കൊന്നു….
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്…
പക്ഷേ അതിശയകരമെന്നു പറയട്ടെ
സംഘി കളായ പ്രതികള്‍ യോഗിയുടെ സംരക്ഷണത്തില്‍ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുന്നു”
വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് 2025 ഒക്ടോബര്‍ മൂന്നിന് ഇന്ത്യാ ടിവി പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന കൊലപാതകത്തിന്റെ ദൃശ്യമാണിത്. ആദില്‍ (രഹാന്‍-25) എന്ന യുവാവിനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍ തന്നെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് ലോഹിയ നഗറിലുള്ള നര്‍ഹാദയിലെ (Narhada) ഒരു കുടിവെള്ള ടാങ്കിനു സമീപം ആദിലിന്റെ മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബര്‍ 30ന് ആദിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ സുഹൃത്തുക്കളായ ഹംസ, ജുല്‍ ഖമര്‍ എന്നിവരാണ് കൊലയാളികളെന്നും ജുൽ ഖമറിനെ പൊലീസ് എന്‍ കൗണ്ടറിലൂടെ അറസ്റ്റ് ചെയ്തതായും വാര്‍ത്തയിലുണ്ട്. സംഭവത്തെ പറ്റി മീററ്റ് എസ്എസ്പി വിപിന്‍ താഡ നടത്തിയ വാര്‍ത്താ സമ്മേളനം ഉള്‍പ്പെടുന്ന വീഡിയോയും ഇന്ത്യാ ടിവി വാര്‍ത്തയിലുണ്ട്.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് മീററ്റില്‍ യുവാവിനെ വെടിവച്ച് കൊന്ന സംഭവത്തില്‍ വര്‍ഗീയ വശമില്ലെന്നും കൊല്ലപ്പെട്ട ആദിലും കൊലപാതകികളും ഒരേ മതവിഭാഗത്തില്‍പ്പെട്ടവരാണെന്നും വ്യക്തമായി.
















