മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കുന്നത്. സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയെ സർക്കാരും ഇഡിയും എതിർക്കും.
നടപടിക്രമം പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. അറസ്റ്റിനുള്ള കാരണം പൊലീസ് അറിയിച്ചില്ല. പ്രതികളുടെ തിരിച്ചറിയലിലും നടപടിക്രമങ്ങൾ പാലിച്ചില്ല. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനിൽക്കുന്നതല്ല. അനാവശ്യമായാണ് ബിഎൻഎസ് 109 വകുപ്പ് ചുമത്തിയത് തുടങ്ങിയ വാദങ്ങളാണ് സിപിഎം പ്രവർത്തകർ ഉയർത്തുന്നത്.
എന്നാൽ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി എത്തിയാണ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് ഇഡി വാദിക്കുന്നത്. ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥനും സിആർപിഎഫ് ജവാനും ഡ്രൈവർക്കും ഗുരുതര പരുക്കേറ്റു. മുൻകൂട്ടി ആസൂത്രണം ചെയ്ത് സംഘടിതമായി ആക്രമിച്ചു. അതുകൊണ്ട് തന്നെ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി വ്യക്തമാക്കുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനു അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും അവരെ കൈയേറ്റം ചെയ്‌തെന്നുമാണ് ആരോപണം.
















