പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നാളെ (3/11/2025) 3 താലൂക്കുകള്‍ക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട പ്രഥമ ഭാരതീയനും ‘പരിശുദ്ധ പരുമല തിരുമേനി’ എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാം ഓര്‍മപ്പെരുന്നാളാണ് ഇക്കുറി നടക്കുന്നത്. പരുമല തിരുമേനിയുടെ 123-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍തല ആലോചനായോഗം നടന്നിരുന്നു. പെരുന്നാളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഹരിതചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായിരുന്നു.
വിവിധ ഡിപ്പോകളില്‍നിന്ന് കെ എസ് ആര് ടി സിയുടെ പ്രത്യേക സര്‍വീസുകള്‍ നടത്താനും, പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ളം വിതരണം ഉറപ്പാക്കാനും, റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ 26നാണ് പെരുന്നാള്‍ കൊടിയേറിയത്.
Story Highlights : holiday-for-three-taluks-in-pathanamthitta-tomorrow-not-applicable-to-public-exams
















