മാസ്ക് ധരിച്ച ഒരു പെൺകുട്ടി ഹിന്ദിയിൽ സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഹിന്ദു പെൺകുട്ടിക്ക് നേരെ ജിഹാദികൾ ആസിഡ് ആക്രമണം നടത്തിയെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.
“മാസങ്ങളോളം പിന്തുടർന്ന് 20 വയസ്സുള്ള ഒരു ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക്(ഹിന്ദു )നേരെ ജിഹാദികൾ പട്ടാപ്പകൽ ആസിഡ് ആക്രമണം നടത്തി, കുട്ടി കോളേജിലേക്ക് പോകുന്ന വഴയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു
ഡൽഹിയിലെ ഭാരത് നഗർ പ്രദേശത്ത് അർമാൻ, ഇഷാൻ, എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.”
എന്നാൽ, ഡൽഹി ആസിഡ് ആക്രമണ കേസിലെ പരാതിക്കാരി മുസ്ലിം മതസ്ഥയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയുടെ പിതാവ് അകീൽ ഖാൻ വ്യക്തിവൈരാഗ്യം മൂലം ഉണ്ടാക്കിയ കള്ള കേസാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഡൽഹിയിൽ നടന്ന ആസിഡ് അക്രമണവുമായി ബന്ധപ്പെട്ട് കീവേഡ് സെർച്ച് നടത്തിയപ്പോൾ ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ലഭ്യമായി. വിദ്യാർത്ഥിനിയുടെ പിതാവ് നടത്തിയ നാടകമാണ് ആസിഡ് ആക്രമണ കേസെന്ന് 2025 ഒക്ടോബർ 28ന് എൻഡിടിവി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തന്നെ പിറകെ നടന്ന് ശല്യം ചെയ്യുന്ന ജിതേന്ദ്രയെന്ന ആളാണ് ആസിഡ് ആക്രമണം നടത്തിയതെന്നും ഇയാൾക്കൊപ്പം ഇഷാൻ, അർമാൻ എന്നിവർ ഉണ്ടായിരുന്നെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. എന്നാൽ അന്വേഷണം നടത്തിയ പൊലീസ് ഈ കേസ് പെൺകുട്ടിയുടെ പിതാവ് അകീൽ ഖാൻ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്നും ഡൽഹിയിൽ ഹിന്ദു പെൺകുട്ടിക്ക് നേരെ ജിഹാദികൾ ആസിഡ് ആക്രമണം നടത്തിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
















