കോഴിക്കോട്: ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഫറോഖ് നഗരസഭ ചെയർമാൻ എം. സി. അബ്ദുൽ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്
ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിഞ്ഞതിനെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂരയും ചുവരുകളുടെയും ഭാഗങ്ങളും തകർന്നു. വീടിൻറെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്. വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന ബൈക്കും ലോറിയുടെ അടിയിൽ പെട്ടിട്ടുണ്ട്. അപകടസമയത്ത് ആ ഭാഗത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ലോറി ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്.
ലോറി അനധികൃതമായി റോഡരികിൽ പാർക്ക് ചെയ്‌തിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസിയായ ആൾ ആരോപിക്കുന്നത്. റോഡ് ഭാഗം ഇടിഞ്ഞതോടെ വാഹനം നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.
















