ഹോളിവുഡ് വെബ് സീരീസ് ആയ സ്‌ട്രേഞ്ചര്‍ തിങ്‌സിലൂടെ പ്രശസ്തനായ താരം ഡേവിഡ് ഹാർബർ നിലവിൽ കടുത്ത വിവാദങ്ങളുടെ നിഴലിലാണ്. നെറ്റ്ഫ്ലിക്സ് ഹിറ്റ് പരമ്പരയായ ‘സ്‌ട്രേഞ്ചര്‍ തിങ്‌സി’ലെ സഹതാരം മില്ലി ബോബി ബ്രൗൺ താരത്തിനെതിരേ മാനസിക പീഡനം, ഉപദ്രവം എന്നീ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനുപുറമെ, ഹാർബറിന്റെ മുൻഭാര്യയും ഗായികയുമായ ലില്ലി അലനും വഞ്ചനാ ആരോപണവുമായി രംഗത്തെത്തിയത് വിഷയം കൂടുതൽ സങ്കീർണ്ണമാക്കി. പരമ്പരയുടെ അഞ്ചാം സീസൺ ഉടൻ പുറത്തിറങ്ങാനിരിക്കെയാണ് ഈ ആരോപണങ്ങൾ എന്നത് ഹോളിവുഡ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ‘സ്‌ട്രേഞ്ചര്‍ തിങ്‌സിൽ’ മില്ലിയുടെ കഥാപാത്രമായ എലവന്റെ വളർത്തച്ഛന്റെ വേഷമാണ് ഡേവിഡ് ഹാർബർ കൈകാര്യം ചെയ്യുന്നത്.
മില്ലി ബോബി ബ്രൗണിൻ്റെ പരാതിയെത്തുടർന്ന് നെറ്റ്ഫ്ലിക്സ് ഒരു ആഭ്യന്തര അന്വേഷണം നടത്തിയതായാണ് വിവരം. പരമ്പരയുടെ അവസാന സീസണിന്റെ ചിത്രീകരണത്തിന് മുമ്പാണ് മില്ലി ഹാർബറിനെതിരേ ഉപദ്രവം സംബന്ധിച്ച പരാതി നൽകിയത്. ‘പേജുകളോളം’ നീണ്ട ആരോപണങ്ങൾ ഉൾപ്പെട്ട ഈ പരാതിയിൽ മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണം നടന്നു. പരാതിയിൽ ലൈംഗികാരോപണങ്ങൾ ഇല്ലെന്നും, പ്രധാനമായും തൊഴിൽ സ്ഥലത്തെ മോശം പെരുമാറ്റമാണ് ആരോപിക്കപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ അന്വേഷണത്തിലെ കണ്ടെത്തലുകൾ നെറ്റ്ഫ്ലിക്സ് ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചിത്രീകരണ വേളയിൽ മില്ലിക്ക് ഒപ്പം അവരുടെ വ്യക്തിപരമായ പ്രതിനിധി സെറ്റിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഡേവിഡ് ഹാർബറിനെതിരേ വഞ്ചനാ ആരോപണവുമായി മുൻഭാര്യ ലില്ലി അലനും രംഗത്തെത്തിയിട്ടുണ്ട്. നാല് വർഷത്തെ ദാമ്പത്യത്തിനുശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തിയത്. തങ്ങൾ ഒരുമിച്ച് ജീവിക്കുമ്പോൾ ഹാർബർ മറ്റൊരു ബന്ധം സൂക്ഷിച്ചിരുന്നുവെന്നാണ് ലില്ലിയുടെ പരാതി. മറ്റൊരു നെറ്റ്ഫ്ലിക്സ് ചിത്രത്തിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ച നതാലി ടിപ്പറ്റുമായി ഹാർബറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ലില്ലി ആരോപിക്കുന്നത്. വിവാഹമോചനത്തിന് പിന്നാലെ ലില്ലി അലൻ പുറത്തിറക്കിയ പുതിയ ആൽബത്തിലെ ചില ഗാനങ്ങൾ ഈ വഞ്ചനയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്. ഒരുവശത്ത് മില്ലിയുടെ പരാതിയിൽ അന്വേഷണം നേരിടുകയും, മറുവശത്ത് മുൻഭാര്യയുടെ ആരോപണങ്ങൾ നേരിടുകയും ചെയ്യുന്ന ഡേവിഡ് ഹാർബറിനെതിരേയുള്ള ഈ ഗുരുതര ആരോപണങ്ങൾ, ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ സീരീസിന്റെ അഞ്ചാം സീസൺ നവംബർ 26-ന് റിലീസ് ചെയ്യാനിരിക്കെയാണ് പുറത്തുവന്നിരിക്കുന്നത്.
















