വടകര: തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ മേളം കണ്ടി മീത്തൽ സ്വദേശിയായ അബ്ദുള്ളയാണ് പിടിയിലായത്. സംഭവം നടന്നത് നവംബർ ഒന്നിന്റെ പുലർച്ചെയായിരുന്നു.
നിർമാണപ്രവർത്തനം നടന്നുകൊണ്ടിരുന്ന വീടിന്റെ മുകൾ നിലയിലെ വാതിൽ തുറന്ന നിലയിലായിരുന്നതിനാൽ, പ്രതി അതുവഴി വീടിനുള്ളിലേക്ക് കടന്ന് ഉറങ്ങി കിടന്നിരുന്ന പെൺകുട്ടി പീഡിപ്പിക്കാൻ ശ്രമിക്കുകയിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടുകാർ വടകര പോലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അബ്ദുള്ളയെ പിടികൂടിയത്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
















