ദോഹ: സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധം നിയന്ത്രണാതീതമായി മാറി ലോകത്തിലെ ഏറ്റവും ഭീകരമായ മാനുഷിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
രണ്ടുവർഷമായി തുടരുന്ന യുദ്ധം രാജ്യത്തെ തകർച്ചയിലേക്ക് നയിച്ചിരിക്കുകയാണെന്നും വംശീയ കൂട്ടക്കൊലകളും മാനഭംഗവും ഇപ്പോഴും വ്യാപകമാണെന്നും ഖത്തറിൽ നടക്കുന്ന യുഎൻ ഉച്ചകോടിയിൽ ഗുട്ടെറസ് പറഞ്ഞു.
സുഡാനിൽ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) എൽ ഫാഷർ നഗരം പിടിച്ചതോടെ 2023 മുതൽ സർക്കാർ സേനയുമായുള്ള സംഘർഷം രൂക്ഷമായിരുന്നു. അതിനെത്തുടർന്ന് ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പൗരന്മാർ അഭയാർത്ഥികളായി ഒഴിഞ്ഞുപോകുകയും ചെയ്തു.
ഇതിനിടെ, ആർ എസ് എഫ് കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ഇന്ത്യൻ പൗരൻ ആദർശ് ബെഹേരയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്, ഒഡീഷയിലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇന്ത്യൻ കേന്ദ്രസർക്കാരിനോട് അടിയന്തര ഇടപെടൽ അഭ്യർഥിച്ചു. എട്ട് ദിവസമായി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം അറിയിച്ചു.
















