പ്രശസ്ത യാത്രാ വ്ലോഗറും ഫോട്ടോഗ്രാഫറുമായ അനുനയ് സൂദ് അന്തരിച്ചു. 32 വയസ്സായിരുന്നു. അനുനയ് സൂദിന്റെ വിയോഗ വാർത്ത അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കുടുംബമാണ് അറിയിച്ചത്. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ 1.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും യൂട്യൂബിൽ 380,000 സബ്‌സ്‌ക്രൈബേഴ്‌സും അദ്ദേഹത്തിനുണ്ട്.
View this post on Instagram
വിദേശയാത്രയിലായിരുന്ന അനുനയ് സൂദ് കഴിഞ്ഞ ദിവസങ്ങളിൽ ലാസ് വേഗാസിലായിരുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അനുനയ് സൂദ് തന്റെ അതിമനോഹരമായ യാത്രാവിവരണങ്ങളിലൂടെയും സിനിമാറ്റിക് വിഡിയോകളിലൂടെയും ലോകമെമ്പാടുമുള്ള യാത്രാ പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു.
യൂറോപ്പിലെ ശാന്തമായ ഗ്രാമ പ്രദേശങ്ങൾ മുതൽ ദുബായിലെ ആധുനിക നഗരക്കാഴ്ചകൾ വരെ അദ്ദേഹത്തിന്റെ വിഡിയോയിൽ കാണാം. യാത്രയും മികച്ച ഫൊട്ടോഗ്രഫിയും സംയോജിപ്പിച്ചതിലൂടെ, ഡിജിറ്റൽ സ്റ്റോറി ടെല്ലിങ്ങിലേക്കു കടന്നുവരുന്ന നിരവധി യുവ ക്രിയേറ്റർമാർക്ക് അദ്ദേഹം പ്രചോദനമായി. 2022, 2023, 2024 വർഷങ്ങളിലെ ഫോബ്‌സ് ഇന്ത്യയുടെ മികച്ച 100 ഡിജിറ്റൽ താരങ്ങളുടെ പട്ടികയിൽ അനുനയ് സൂദ് ഇടം നേടിയിരുന്നു.
അടുത്തിടെ, ആഡംബര സ്പോർട്സ് കാറുകൾക്കൊപ്പം ലാസ് വെഗാസിൽ നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹം അവസാനമായി പങ്കുവച്ചത്. “ഇത്രയും ഇതിഹാസങ്ങൾക്കും സ്വപ്ന യന്ത്രങ്ങൾക്കുമിടയിൽ ഒരു വാരാന്ത്യം ചെലവഴിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല” എന്നായിരുന്നു ആ പോസ്റ്റിന് നൽകിയ തലക്കെട്ട്. നവംബർ 3-ന് “Exploring the Hidden Side of Switzerland | Places Tourists Never Visit” എന്ന വിഡിയോയായിരുന്നു അവസാനമായി പങ്കുവച്ചത്.
















