Travel

ഡ്രാമകളിൽ കണ്ടറിഞ്ഞ സൗന്ദര്യം: സിയോൾ ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ

ഇന്ന് മിക്ക പെൺകുട്ടികളുടെയും യാത്രാ സ്വപ്നങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥലമാണ് സിയോൾ. കൊറിയൻ സിനിമകളിലൂടെയും ഡ്രാമകളിലൂടെയും ലോകമെമ്പാടുമുള്ള ആളുകളെ ഈ സ്ഥലം വളരെയധികം ആകർഷിച്ചിരിക്കുകയാണ്. തിരശ്ശീലയിൽ കണ്ട മനോഹരമായ ലൊക്കേഷനുകൾ നേരിട്ട് കാണാനും അനുഭവിക്കാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുകയാണ്.
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോൾ, ആധുനികതയും പാരമ്പര്യവും ഒരുപോലെ സമ്മേളിക്കുന്ന ഒരു നഗരമാണ്. ഒരുവശത്ത്, ആകാശത്തേക്ക് ഉയർന്ന കെട്ടിടങ്ങളും അത്യാധുനിക ഷോപ്പിംഗ് മാളുകളുമുണ്ട്. മറുവശത്ത്, നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമുണ്ട്. ഈ വൈവിധ്യമാണ് സിയോളിനെ ഇത്രയധികം പ്രിയപ്പെട്ടതാക്കുന്നത്. മറ്റ് കൊറിയൻ നഗരങ്ങളെ അപേക്ഷിച്ച് സിയോൾ ടൂറിസത്തിൽ എന്നും മുൻപന്തിയിൽ തന്നെയാണ്.

സിയോളിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന് ഗ്യോങ്‌ബോക്ഗുങ് കൊട്ടാരം (Gyeongbokgung Palace) ആണ്. ജോസൺ രാജവംശത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ കൊട്ടാരസമുച്ചയം പല കൊറിയൻ ഡ്രാമകളിലെയും സ്ഥിരം കാഴ്ചയാണ്. സന്ദർശകർ പരമ്പരാഗത വേഷമായ ‘ഹാൻബോക്ക്’ ധരിച്ച് ഇവിടെയെത്തുന്നത് കൊറിയൻ സംസ്കാരം അടുത്തറിയാൻ അവസരം നൽകുന്നു.

രാത്രിയായാൽ സിയോളിന്റെ ഭംഗി ഇരട്ടിക്കും. ഹാൻ നദിക്ക് കുറുകെയുള്ള പാലങ്ങളിൽ വർണ്ണവിളക്കുകൾ തെളിയുമ്പോൾ നഗരം കൂടുതൽ മനോഹരമാകും. തിരക്കേറിയ രാത്രി ജീവിതവും, ട്രെൻഡി കഫേകളും, രുചികരമായ തെരുവോര ഭക്ഷണശാലകളും സിയോളിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്കായി, ഫാഷൻ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയുടെ കേന്ദ്രങ്ങളായ ഗാംങ്നം, മ്യോങ്‌ഡോങ് പോലുള്ള സ്ഥലങ്ങൾ ഇവിടെയുണ്ട്.

കെ-പോപ്പ്, കെ-ഡ്രാമ എന്നിവയുടെ വലിയ സ്വാധീനമാണ് ഈ നഗരത്തിന്റെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ നടന്ന വഴികളും, അവർ അഭിനയിച്ച സ്ഥലങ്ങളും കാണാനായി ലോകമെമ്പാടുമുള്ള ആരാധകർ സിയോളിലേക്ക് യാത്ര തിരിക്കുന്നത്. അതുകൊണ്ടുതന്നെ കൊറിയൻ വിനോദസഞ്ചാരത്തിൽ സിയോളിന് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്.