ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ, ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് വിളിച്ചു. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച നടക്കുക.
ഡോക്ടർമാർ പ്രധാനമായും മുന്നോട്ട് വെക്കുന്ന ആവശ്യം തടഞ്ഞുവെച്ച ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കുക എന്നതാണ്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയാകും.
കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തിൽ ഡോക്ടർമാർ റിലേ ഒ.പി. ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തിവരികയാണ്. നവംബർ 13-നും ഒ.പി. ബഹിഷ്കരണം തീരുമാനിച്ചിരിക്കെയാണ് മന്ത്രിയുടെ ഇടപെടൽ.
ചർച്ചയിൽ തൃപ്തികരമായ തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ജൂലൈ 1 മുതൽ ആരംഭിച്ച ഈ സമരത്തിൽ ശമ്പള കുടിശ്ശിക, മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്.
















