Tech

ബ്ലൂടൂത്ത് എന്ന പേര് എങ്ങനെ വന്നു? പേരിന് പിന്നിൽ ഒരു പഴയ രാജാവിന്റെ ചരിത്രകഥ

ഇന്ന് നമ്മുടെ ജീവിതത്തിൽ ഏറ്റവും പരിചിതമായ സാങ്കേതികവിദ്യകളിലൊന്നാണ് ബ്ലൂടൂത്ത്. വയർലെസ് സംവിധാനത്തിലൂടെ മൊബൈൽ, ലാപ്‌ടോപ്പ്, ഇയർഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഇതാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഈ പേരിന് പിന്നിൽ ഒരു പഴയ രാജാവിന്റെ ചരിത്രകഥയുണ്ടെന്ന് അറിയാമോ?

പത്താം നൂറ്റാണ്ടിൽ ഡെൻമാർക്കും നോർവേയും ഭരിച്ചിരുന്ന ഹെറാൾഡ് ബ്ലൂടൂത്ത് എന്ന രാജാവിന്റെ സ്‌മരണയ്ക്കായാണ് ഈ പേര് നൽകിയിരിക്കുന്നത്. ഡെൻമാർക്കിലേക്ക് ആദ്യമായി ക്രിസ്ത്യൻ മതം കൊണ്ടുവന്നത് ഹെറാൾഡ് രാജാവാണെന്നും ചരിത്ര രേഖകൾ പറയുന്നു.

ബ്ലൂടൂത്ത് എന്ന പേര് നിർദ്ദേശിച്ചത്

1997-ൽ ഇന്റൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ജിം കർദാഷ് ആണ് ‘ബ്ലൂടൂത്ത്’ എന്ന പേര് നിർദ്ദേശിച്ചത്.
അന്നുള്ള ഒരു പ്രോജക്ടിനിടെ അദ്ദേഹം വായിച്ചുകൊണ്ടിരുന്നത് ഫ്രാൻസ് ജി. ബെംഗ്സൺ എഴുതിയ ‘ദ ലോംഗ് ഷിപ്പ്സ് ‘എന്ന നോവൽ ആയിരുന്നു. അതിൽ ഹെറാൾഡ് ബ്ലൂടൂത്ത് രാജാവിനെയും വൈക്കിംഗ് കാലഘട്ടത്തെയും കുറിച്ച് പറഞ്ഞിരുന്നു.

പേരിനും ടെക്‌നോളജിക്കും ഇടയിലെ സാങ്കേതികത

ഹെറാൾഡ് രാജാവ് തന്റെ ഭരണകാലത്ത് തമ്മിൽ പരസ്‌പരം കലഹിച്ചിരുന്ന ഡാനിഷ് ഗോത്രവർഗങ്ങളെ ഒറ്റ സാമ്രാജ്യത്തിന് കീഴിൽ കൊണ്ടുവന്നത് പോലെ, ബ്ലൂടൂത്ത് സാങ്കേതികവിദ്യയും വ്യത്യസ്ത ഇലക്ട്രോണിക് ഉപകരണങ്ങളെ ഒറ്റ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്നു. ഇതാണ് പേരിനും ടെക്‌നോളജിക്കും ഇടയിലെ സാങ്കേതികതയുടെ സാദൃശ്യം.

ലോഗോയിലെ രഹസ്യം

ബ്ലൂടൂത്തിന്റെ ലോഗോയിൽ കാണുന്ന ചിഹ്നം വെറുമൊരു ഡിസൈൻ അല്ല. ഹെറാൾഡ് ബ്ലൂടൂത്തിന്റെ പേരിലെ ആദ്യ അക്ഷരങ്ങളായ ‘H’ യും ‘B’ യും ചേർന്നതാണ് ആ ലോഗോ. ഇത് പ്രാചീന ജർമ്മാനിക് റൂൺ ലിപിയിലാണ് എഴുതിയിരിക്കുന്നത്.