അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ നടന്ന പൊതുപരിപാടിക്കിടെ സൂപ്പർതാരം മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ കടുത്ത പ്രതിസന്ധികളെ കേരളം എങ്ങനെയാണ് അതിജീവിച്ച് മുന്നോട്ട് പോയതെന്നായിരുന്നു മമ്മൂട്ടിയുടെ ശ്രദ്ധേയമായ ചോദ്യം.
അതാണ് നമ്മുടെ നാടിൻറെ പ്രത്യേകത, നമ്മുടെ ജനതയുടെ പ്രത്യേകത. നാടും ജനങ്ങളും കാണിച്ച ഒരുമയും ഐക്യവും. അതാണ് ഏതു പ്രതിസന്ധിയെയും നേരിടാൻ കേരളത്തെ പ്രാപ്തമാക്കിയത് അതാണ് അസാധ്യം എന്ന ഒന്ന് ഇല്ല എന്നത് കേരളം തെളിയിച്ചുകൊണ്ടിരിക്കുന്നു- മുഖ്യമന്ത്രി പ്രതികരിച്ചു.
ഒരു മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കെതിരെ വരുന്ന ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും എങ്ങനെയാണ് നേരിടുന്നതെന്നായിരുന്നു മമ്മൂട്ടിയുടെ അടുത്ത ചോദ്യം.
ഒരു മുഖ്യമന്ത്രി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഒരുപാട് ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിട്ട ആളാണല്ലോ താങ്കൾ. ഇതൊക്കെ അങ്ങയിൽ എന്ത് വികാരമാണ് ഉണർത്തിയിട്ടുള്ളത്? ഇതിനോടെല്ലാം എങ്ങനെയാണ് അങ്ങ് മനസുകൊണ്ട് പ്രതികരിക്കുന്നത്?”. ഇതിന് ഉടൻ തന്നെ തമാശ കലർന്ന മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, “അതൊന്നും എന്നെ ബാധിക്കാറില്ല. അത് ബോധപൂർവം സൃഷ്ടിക്കുന്ന കാര്യമായതിനാൽ അവർ അവരുടെ വഴിക്ക് പോകുന്നു, അതിന്റെ പിന്നാലെ പോകാൻ എനിക്കോ നമുക്കോ നേരമില്ല. നമുക്ക് വേറെ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ചെയ്‌താൽ നാട് നല്ല നിലയിലേക്ക് മുന്നേറും- മുഖ്യമന്ത്രി തമാശ കലർന്ന മറുപടി നൽകി. മുഖ്യമന്ത്രിയുടെ ഈ മറുപടി സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
അബുദാബിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം മലയാള സിനിമയിലെ വലിയൊരു താരനിര പങ്കെടുത്തു. സൂപ്പർതാരങ്ങളായ മമ്മൂട്ടി, ജയറാം, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർക്ക് പുറമെ, നസ്ലെൻ, നിഖില വിമൽ, മീരാ നന്ദൻ, വിനീത് ശ്രീനിവാസൻ, അനു സിത്താര, രമേഷ് പിഷാരടി, മഞ്ജരി, കലാഭവൻ ഷാജോൺ, ജോജി ജോർജ്, മഞ്ജു പിള്ള, ചന്തു സലിംകുമാർ എന്നിവരും പങ്കെടുത്തു. ഗായകനായ എം.ജി. ശ്രീകുമാർ, കുഞ്ചൻ, സിദ്ധിഖ് റോഷൻ, ഹനാൻ ഷാ, കാവ്യ നാരായണൻ, ആവിർഭവ്, നിഷാദ്, സുമി അരവിന്ദ്, ഡയാന ഹമീദ്, ആർ.ജെ. വൈശാഖ് തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടും ഈ ആഘോഷപരിപാടി ശ്രദ്ധേയമായി.
















