മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ച വനിതാ നേതാവിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനി അശോകനെയാണ് പുറത്താക്കിയത്. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നാണ് ആനി അശോകന്‍ ആരോപിച്ചത്.
ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് ആനിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. കടകംപള്ളി സുരേന്ദ്രന്‍ ജനകീയനായ നേതാവാണെന്നും, തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് കരിവാരിത്തേച്ചുവെന്നും ആരോപിച്ചാണ് ആനി അശോകനെ പുറത്താക്കുന്നത്. സിപിഎം ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗമാണ് കടകംപള്ളിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ആനി അശോകന്‍.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതാണ് ആനി അശോകനെ കടകംപള്ളി സുരേന്ദ്രനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ചെമ്പഴന്തി വാര്‍ഡില്‍ വിമതസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ആനി അശോകൻ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 2005- 2010 കാലയളവില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആനി അശോകന്‍ പാര്‍ട്ടി അവഗണിച്ചുവെന്ന് ആരോപിച്ചാണ് സിപിഎമ്മിനെതിരെ വിമതസ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
















