ഡൽഹി ചെങ്കോട്ടക്ക് മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്ഥിരീകരിച്ചു. എൻഐഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ‘ഭീകരാക്രമണം’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാകാം എന്ന മുൻ അനുമാനങ്ങൾ തള്ളിക്കളയുന്ന നിലപാടാണ് എൻഐഎ സ്വീകരിച്ചിരിക്കുന്നത്.
ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ.ഉമർ നബിയാണ് സ്ഫോടന സമയത്ത് കാറോടിച്ചിരുന്നതെന്നും എൻഐഎ ഫോറൻസിക് പരിശോധനയിലൂടെ ഉറപ്പിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തിൽ ‘ഭീകരപ്രവൃത്തി’ എന്നാണുണ്ടായിരുന്നത്.
ഉമറിനൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത കശ്മീർ സ്വദേശി അമീർ റാഷിദ് അലിയെ ഡൽഹിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന ആദ്യ സുപ്രധാന അറസ്റ്റാണിത്.
















