ബാലുശ്ശേരി: നന്മണ്ട പതിനാലിൽ ഭക്ഷണവുമായി ബന്ധപ്പെട്ട കൊച്ചുകാര്യത്തെ തുടർന്ന് ഹോട്ടലിൽ നടന്ന അക്രമത്തിൽ അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെ ഭക്ഷണം കഴിക്കാൻ എത്തിയ സംഘം അയക്കൂറ മീനും ചിക്കനും ലഭിച്ചില്ലെന്ന കാരണത്താൽ പ്രകോപിതരായി ഹോട്ടൽ അടിച്ചു തകർത്തതായാണ് പരാതി.
പിറന്നാളാഘോഷത്തിന്റെ ഭാഗമായി 40 പേർക്ക് ഹോട്ടലിൽ പ്രത്യേക ഭക്ഷണക്രമീകരണം നടത്തിയിരുന്നു. ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മീൻ കറി തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ആദ്യം എത്തിയ 20 പേർ ഭക്ഷണം കഴിച്ച് മടങ്ങിയതോടെ ശേഷിച്ച സംഘം ഹോട്ടലിലെത്തി. ഇവരിൽ ചിലർ അയക്കൂറ മീൻ ആവശ്യപ്പെട്ടുവെങ്കിലും സ്റ്റോക്ക് ഇല്ലെന്ന് ജീവനക്കാർ അറിയിച്ചു. അയല മതിയോ എന്ന് ജീവനക്കാർ ചോദിച്ചപ്പോൾ തന്നെ സംഘത്തെ പ്രകോപിതരാക്കിയെന്നാണ് വിവരം.
തുടർന്നുണ്ടായ വാക്കുതർക്കം അക്രമത്തിലേക്ക് വഴിമാറി. ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകർത്തതോടൊപ്പം ജീവനക്കാരെ മർദിച്ചതായും പരാതി സൂചിപ്പിക്കുന്നു. പരിക്കേറ്റ അഞ്ചുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് ഹോട്ടൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
















