കോഴിക്കോട്: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക പ്രകാരം കോഴിക്കോട് ജില്ലയിൽ 26.82 ലക്ഷം വോട്ടർമാരാണുള്ളത്. 12,66,374 പുരുഷന്മാർ, 14,16,275 സ്ത്രീകൾ, 32 ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിവരാണ് പ്രധാന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ, പ്രവാസി വോട്ടർ പട്ടികയിൽ ജില്ലയിൽ 1,490 പേരും ഉള്‍പ്പെടുന്നു.
സംസ്ഥാനതലത്തിൽ ആകെ 2,86,62,712 വോട്ടർമാരാണുള്ളത്. വോട്ടർമാരുടെ എണ്ണത്തിൽ കോഴിക്കോട് ജില്ല നാലാം സ്ഥാനത്താണ്. 36,18,851 വോട്ടർമാരോട് കൂടിയ മലപ്പുറം ജില്ല ഒന്നാമതും തിരുവനന്തപുരം (29,26,078), തൃശൂർ (27,54,278) ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലും തുടരുന്നു. വെറും 6,47,378 വോട്ടർമാരുള്ള വയനാട് ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വോട്ടർമാർ.
പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നതും കോഴിക്കോട് ജില്ല തന്നെയാണ്. പുതുക്കിയ വോട്ടർപട്ടിക അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അടുത്ത് പരിശോധിക്കാവുന്നതാണ്.
















