പലചരക്ക് സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വിവിധ കാർഷിക ഉത്പന്നങ്ങൾക്കും സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾക്കും ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി താരിഫ് ട്രംപ് ഭരണകൂടം പിൻവലിച്ചു. ആഭ്യന്തര വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
കാപ്പി, തേയില, ഉണക്കിയ പഴങ്ങള്‍, പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി നിരവധി ഉത്പനങ്ങള്‍ക്ക് ചുമത്തിയിരുന്നു ഇറക്കുമതി താരിഫ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 229 കാർഷിക ഇനങ്ങളടക്കം 254 ഉത്പന്നങ്ങൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറക്കുമതി താരിഫ് റദ്ദാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഒപ്പുവെച്ചത്.
അതേസമയം ഉയര്‍ന്ന താരിഫ് പുനഃപരിശോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
50 ശതമാനമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ചുമത്തിയ താരിഫ് നിരക്ക്. ഇളവ് അനുവദിക്കപ്പെട്ട സാധനങ്ങളിൽ വലിയൊരു പങ്ക് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുന്നവയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ ഇരട്ട നികുതിയില്‍ ഇളവുണ്ടായേക്കും.
















