ബംഗ്ലാദേശിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധി ഇന്ന് പ്രഖ്യാപിക്കും. വിധിക്ക് മുന്നോടിയായി ധാക്കയിലും മറ്റ് പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വിദ്യാർഥി പ്രക്ഷോഭത്തിന് എതിരായ നടപടികളിൽ ഹസീനയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇടയ്ക്കിടെയുണ്ടായ തീവയ്പ്പുകളും ക്രൂഡ് ബോംബ് ആക്രമണങ്ങളും കണക്കിലെടുത്ത് രാത്രി മുഴുവൻ ധാക്കയിൽ സുരക്ഷ ശക്തമാക്കി. അക്രമികളെ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹസീന നിലവിൽ ഇന്ത്യയിലാണുള്ളത്. 2024 ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെട്ട ഹസീനയ്ക്കെതിരെ, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നടപടികൾ ശക്തമാക്കുകയായിരുന്നു. ഹസീനയുടെ അവാമി ലീഗ് പാർട്ടി നിരോധിച്ച് നിരവധി നേതാക്കളെ ജയിലിലടച്ചിരുന്നു.
















