പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ തേനീച്ചയുടെ കൂട്ടാക്രമണത്തിൽ മുൻ പ്രധാനാധ്യാപകൻ ദാരുണമായി മരണപ്പെട്ടു. ദുർഗാപൂരിലെ ആർ.ഇ. മോഡൽ സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന നിർമ്മൽ ദത്തയാണ് (62) തേനീച്ചക്കുത്തേറ്റ് കൊല്ലപ്പെട്ടത്. ഡോക്ടറായ മകനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് മേജർ പാർക്കിന് സമീപത്തുവെച്ച് തേനീച്ച ആക്രമണമുണ്ടായത്. കഴുത്തിൽ എന്തോ കുത്തുന്നത് പോലെ തോന്നിയതിനെ തുടർന്ന് ഇവർ ബൈക്ക് നിർത്തി പരിശോധിക്കുന്നതിനിടെ തേനീച്ചക്കൂട്ടം നിർമ്മൽ ദത്തയെ വളഞ്ഞിട്ട് ആക്രമിച്ചു.
നിർമ്മൽ ദത്തയുടെ മുഖത്തും തലയിലുമായി 890-ൽ അധികം തവണയാണ് തേനീച്ചകൾ കുത്തിയത്. ഇതോടെ അദ്ദേഹം റോഡിൽ കുഴഞ്ഞുവീണു. മകനെയും തേനീച്ചകൾ ആക്രമിച്ചു. സഹായത്തിനായി നിലവിളിച്ചിട്ടും ആരും രക്ഷയ്ക്കെത്തിയില്ല. ഏറെ വൈകി സ്ഥലത്തെത്തിയ പോലീസ് പുതപ്പുകളിൽ പൊതിഞ്ഞ് ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മകനെ രക്ഷിക്കാൻ സാധിച്ചെങ്കിലും നിർമ്മൽ ദത്ത മരണത്തിന് കീഴടങ്ങുകയായിരുന്നു.
















