ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 4.39 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. നവകേരള സദസ്സിലൂടെ മൂന്നു കോടി രൂപയും ആരോഗ്യ വകുപ്പിൽ നിന്ന് 1.39 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
അനുവദിച്ച മൂന്നു കോടിയിൽ നിന്ന് 2.7 കോടി രൂപ വിനിയോഗിച്ച് എപ്പിഡമി കെട്ടിടത്തിന്റെ മുകളിൽ ഒരു അധിക നില പണിയാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന തുക അത്യാഹിത വിഭാഗത്തിൽ ട്രയേജ് സംവിധാനമൊരുക്കുന്നതിനായി ഉപയോഗിക്കും.
ആരോഗ്യവകുപ്പ് അനുവദിച്ച 1.39 കോടിയുടെ ഭാഗമായി, ഒരു ലക്ഷം രൂപ മുടക്കി ഫയർ & സെഫ്റ്റി സംവിധാനങ്ങൾ സ്ഥാപിക്കും. പഴയ കെട്ടിടത്തിന്റെ പുനർനിർമാണത്തിനായി 27 ലക്ഷം രൂപ ചെലവഴിക്കും. കൂടാതെ, രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമ സൗകര്യം ഒരുക്കുന്നതിനായി 12 ലക്ഷം രൂപ മാറ്റിവെക്കുകയും ചെയ്യും.
വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും, കുട്ടികളുടെ ആശുപത്രി അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മുന്നേറ്റം കൈവരിക്കുന്നതായും ആശുപത്രി സൂപ്പ്രണ്ട് ഡോ. കെ. പി. ജയപ്രകാശ് അറിയിച്ചു.
















