കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിനായി ആയുധ ലൈസൻസ് ഉടമകൾ ലൈസൻസിലുള്ള ആയുധങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ സമർപ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ കളക്ടർ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക മാർഗ്ഗനിർദേശങ്ങൾ പ്രകാരമാണ് ഈ തീരുമാനം.
ബാങ്കുകളുടെ പേരിൽ എടുത്തിട്ടുള്ള ആയുധ ലൈസൻസുകൾ, ബാങ്കുകളിൽ സുരക്ഷാ ഗാർഡായോ റീറ്റെയിനറായി ജോലി ചെയ്യുന്നവരോ, പ്രത്യേക അപേക്ഷ നൽകിയതിന് പിന്നാലെ ഇളവ് ലഭിച്ചവരോ ഒഴികെയുള്ള എല്ലാവരും ആയുധങ്ങൾ നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ഏൽപ്പിക്കണമെന്ന് കലക്ടർ അറിയിച്ചു.
തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് സിറ്റി, റൂറൽ പോലീസ് മേധാവിമാരെ ഉൾപ്പെടുത്തി ഒരു സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് കാലയളവിൽ നിയമ-സമാധാന നില ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ കർശന നിർദേശം.
















