തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫുട്ബോൾ കളിയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്നാണ് തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലൻ എന്ന യുവാവിന് കുത്തേറ്റത്.
ഉടൻതന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാപ്പാ കേസ് പ്രതിയാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് അലൻ കുത്തേറ്റ് മരിച്ചത്. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൻറെ തുടർച്ചയാണ് കൊലപാതകം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
ഹെൽമെറ്റ് കൊണ്ട് ശക്തമായി അലൻറെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷിമൊഴി. അലൻറെ മൃതതേഹം ഇന്ന് പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.
















