യുവരാജ് സിങ്ങിന്റെ അച്ഛനും ക്രിക്കറ്റ് താരവുമായിരുന്ന യോഗ്‌രാജ് സിങ്ങിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. വൈകുന്നേരങ്ങളില്‍ തനിച്ചാണ് ഇരിക്കുന്നതെന്നും വിശന്നാല്‍ ആരെങ്കിലും ഭക്ഷണം എത്തിച്ചുതരുമെന്നുമാണ് അദ്ദേഹം പറയുന്നു.
യോഗ്‌രാജ് സിങ്ങ് പറയുന്നു;
വൈകുന്നേരങ്ങളില്‍ ഞാന്‍ തനിച്ചാണ് ഇരിക്കുന്നത്. വീട്ടില്‍ ആരുമില്ല. ഭക്ഷണത്തിനായി ഞാന്‍ അപരിചിതരെയാണ് ആശ്രയിക്കുന്നത്. ചിലപ്പോള്‍ ഒരാള്‍, ചിലപ്പോള്‍ മറ്റൊരാള്‍. ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കാറില്ല. എനിക്ക് വിശന്നാല്‍ ആരെങ്കിലും ഭക്ഷണം എത്തിച്ചുതരും. ഞാന്‍ വീട്ടുജോലിക്കാരെയും പാചകക്കാരെയും വെച്ചിരുന്നു. അവര്‍ അവരുടെ ജോലി ചെയ്തശേഷം പോയി.
എന്റെ അമ്മ, കുട്ടികള്‍, മരുമകള്‍, പേരക്കുട്ടികള്‍, കുടുംബത്തിലെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ ഞാന്‍ ആരോടും ഒന്നും ചോദിക്കാറില്ല. ഞാന്‍ മരിക്കാന്‍ തയ്യാറാണ്. എന്റെ ജീവിതം പൂര്‍ത്തിയായി. ദൈവത്തിന് എപ്പോള്‍ വേണമെങ്കിലും എന്നെ കൊണ്ടുപോകാം. ഞാന്‍ ദൈവത്തോട് വളരെ നന്ദിയുള്ളവനാണ്. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അവിടുന്ന് തന്നുകൊണ്ടേയിരിക്കുന്നു. യുവിയും അവന്റെ അമ്മയും എന്നെ ഉപേക്ഷിച്ച് പോകുന്ന അവസ്ഥ വന്നപ്പോള്‍, അത് എനിക്ക് ഏറ്റവും വലിയ ഞെട്ടലാണ് നല്‍കിയത്.
ഞാന്‍ എന്റെ ജീവിതം മുഴുവന്‍, എന്റെ യൗവനം മുഴുവന്‍ സമര്‍പ്പിച്ച സ്ത്രീ, അവര്‍ക്കും എന്നെ ഉപേക്ഷിച്ച് പോകാന്‍ കഴിയുമോ? ഒരുപാട് കാര്യങ്ങള്‍ നശിച്ചു. എല്ലാവരോടും നന്നായി പെരുമാറിയിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. ഞാന്‍ ചില തെറ്റുകള്‍ ചെയ്തിട്ടുണ്ടാവാം, പക്ഷെ ഞാന്‍ ഒരു നിരപരാധിയാണ്. ആര്‍ക്കും ഒരു ദോഷവും ചെയ്തിട്ടില്ല. ഞാന്‍ ദൈവത്തിന് മുന്നില്‍ കരഞ്ഞു. അവിടുന്ന് എന്നെ ആ കടലില്‍ നിന്ന് കരകയറ്റി.
















