ആലുവ: വിട്ടുമാറാത്ത ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഒരു കോളജ് അധ്യാപകന്റെ ശരീരത്തിൽ നിന്നുള്ള കണ്ടെത്തൽ ചികിത്സകരെയും കുടുംബത്തെയും ഒരുപോലെ അതിശയത്തിലാക്കി. പെരുമ്പാവൂർ സ്വദേശിയായ 36-കാരന്റെ കരളിൽ മൂന്നര സെന്റിമീറ്റർ നീളമുള്ള മീൻമുള്ളാണ് കണ്ടെത്തിയത്. രാജഗിരി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.
ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ശാലിനി ബേബി ജോണിന്റെ നിർദേശപ്രകാരം നടത്തിയ പി ഇ ടി സ്കാനിലാണ് വിചിത്രമായ വിദേശവസ്തുവിന്റെ സാന്നിധ്യം സൂചനയായി കിട്ടിയത്. തുടർന്ന് ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലെ ഡോ. വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവർ നടത്തിയ പരിശോധനയിലാണ് കരളിൽ പഴുപ്പ് ഉണ്ടാകുകയും അതിനകത്ത് മീൻമുള്ള് കുടുങ്ങിക്കിടക്കുന്നതും സ്ഥിരീകരിച്ചത്.
തുടർന്ന് ഗ്യാസ്ട്രോ സർജൻ ഡോ. ജോസഫ് ജോർജ് നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തി മുള്ള് സുരക്ഷിതമായി പുറത്തെടുത്തത്.
ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ മീൻമുള്ള് കുടുങ്ങിയതാണെന്ന് സംശയിക്കുന്നു. രണ്ടാഴ്ചക്കാലം അത് കുടലിൽ തങ്ങി. തുടർന്നുണ്ടായ പഴുപ്പ് കാരണം മുള്ള് കരളിലേക്കാണ് തറഞ്ഞുകയറിയതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
സമയോബോധത്തോടെ നടത്തിയ പരിശോധനയും ഇടപെടലും രോഗിയുടെ ജീവൻ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
















