കോഴിക്കോട്: സേവനമനസ്‌കരമായ പ്രവൃത്തിയിലൂടെ നാടിന് അഭിമാനമായി ഹരിത കർമ്മസേനാംഗങ്ങളായ വിജിതയും ബിന്ദുവും. മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച വിലപിടിപ്പുള്ള നവരത്ന മൂക്കുത്തി ഉടമസ്ഥർക്ക് തിരികെ നൽകിക്കൊണ്ട് ഇരുവരും മാതൃകയായി.
വെസ്റ്റ്ഹിൽ ഒന്നാം സർകിളിലെ 68-ാം വാർഡിൽ മാലിന്യം ശേഖരിക്കുമ്പോഴാണ് മൂക്കുത്തി ഇവർക്ക് കണ്ടെത്താൻ കഴിഞ്ഞത്. ഉടൻ തന്നെ ആരുടേതാകാം എന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച അവർ അന്വേഷണം നടത്തി മൂക്കുത്തി നഷ്ടപ്പെട്ടിരിക്കുന്നത് കനകാലയ ബാങ്കിന് സമീപമുള്ള ഫ്ലാറ്റിലുളള ദമ്പതികളുടെതാണെന്ന് ഉറപ്പാക്കി.
തുടർന്ന് മൂക്കുത്തി നേരിട്ട് വീട്ടിലെത്തി ദമ്പതികൾക്ക് കൈമാറി. അപ്രതീക്ഷിതമായി നഷ്ടപ്പെട്ട ആഭരണം തിരികെ ലഭിച്ചതിൽ ദമ്പതികൾ സന്തോഷം പ്രകടിപ്പിച്ചു. പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഹരിത കർമ്മസേനയുടെ ജോലി മൂല്യവും, അവരുടെ മാനവികതയും ഈ സംഭവത്തിലൂടെ വീണ്ടും തെളിഞ്ഞുവെന്ന് സ്ഥലവാസികൾ അഭിപ്രായപ്പെട്ടു.
എലത്തൂർ ചെട്ടികുളം സ്വദേശികളായ വിജിതയും ബിന്ദുവും വെസ്റ്റ്ഹിൽ ഒന്നാം സർകിളിലെ 68-ാം വാർഡിലെ ഹരിത കർമ്മസേനയുടെ സജീവ അംഗങ്ങളാണ്.
















