കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്ക് കാമ്പസിൽ ഐടി ജീവനക്കാരുടെയും കമ്പനികളുടെയും സജീവ പങ്കാളിത്തത്തോടെ ആരവം 2026 ഓണാഘോഷം വിപുലമായി കൊണ്ടാടി. വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ നടന്ന ആഘോഷം സൈബർപാർക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വിവേക് നായർ ഉദ്ഘാടനം ചെയ്തു.
കേരളീയ വസ്ത്രങ്ങളുടെനിലവിലെ ഫാഷൻ ട്രെൻഡിൻ്റെ നേർക്കാഴ്ച കൂടിയായിരുന്നു ഗവ. സൈബർ പാർക്കിലെ ഓണാഘോഷ പരിപാടികൾ. വിവിധ ഐടി കമ്പനികൾ പങ്കെടുത്ത അത്തപ്പൂക്കള മത്സരം, തിരുവാതിരക്കളി, ചെണ്ടമേളം, മാവേലി മന്നന്റെ വരവേൽപ്പ് തുടങ്ങിയ കലാപരിപാടികൾ ആവേശമുണർത്തി. വടംവലി, ഉറിയടി, സുന്ദരിക്ക് പൊട്ടുകുത്തൽ, തുടങ്ങിയ മത്സരങ്ങൾ പങ്കെടുത്തവർക്ക് വ്യത്യസ്ത അനുഭവമായി മാറി. നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. ഓരോ ഗ്രൂപ്പിനും അനുവദിച്ച നിറങ്ങളുള്ള ബലൂണുകളും ക്യാമ്പസിൽ ഉയർത്തിയിരുന്നു.
വിഭവസമൃദ്ധമായ ഓണസദ്യയിൽ സൈബർപാർക്കിലെ വിവിധ കമ്പനി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും സാംസ്കാരിക സന്ധ്യയും അരങ്ങേറി.
Kerala IT | Government Cyberpark holds colourful Onam celebrations | 25.08.2026 |

















