വിജയവാഡ മാവോവാദി നേതാവ് മദ്വി ഹിദ്മ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹിദ്മയെ സുരക്ഷാസേന വധിച്ചത്. ഹിദ്മയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലില്‍ മരണപെട്ടതായിയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലായി സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയാണ് ഹിദ്മ അടക്കമുള്ളവരെ വധിച്ചതെന്നാണ് സൂചന. ഇപ്പോഴും മേഖലയിൽ ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആറ് മാവോവാദികളുടെ മൃതദേഹങ്ങള്‍ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.
1981-ല്‍ മധ്യപ്രദേശിലെ സുക്മയില്‍ ജനിച്ച ഹിദ്മ, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ബറ്റാലിയനെ നയിച്ചയാളായിരുന്നു. ബസ്താര്‍ മേഖലയില്‍നിന്ന് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തിയ ഏക ഗോത്രവിഭാഗക്കാരനും ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായിരുന്നു ഹിദ്മ.
ഇന്ത്യയിൽ നടന്ന നിരവധി മാവോവാദി ആക്രമങ്ങളുടെ സൂത്രധാരന്‍ ഹിദ്മയായിരുന്നു. ഇവരുടെ ആക്രമണം മൂലം നിരവധി പേര് മരണപ്പെട്ടിട്ടുണ്ട്. 2010-ല്‍ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിച്ച മാവോവാദി ആക്രമണം, 2013-ല്‍ ഝിറാം ഖാട്ടിയില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം 27 പേരുടെ ജീവന്‍ നഷ്ടമായ ആക്രമണം, 2021-ല്‍ സുക്മയിലും ബിജാപുരിലുമായി 22 സുരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെട്ട സംഭവം എന്നിവയടക്കം വിവിധ ആക്രമണങ്ങള്‍. ഏറെക്കാലമായി ഒളിവില്‍കഴിഞ്ഞ് മാവോവാദി പ്രവര്‍ത്തനം നടത്തിയിരുന്ന ഹിദ്മയുടെ തലയ്ക്ക് 50 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.
















