മുംബയിലെ ഫ്രഞ്ച് കോൺസുലേറ്റ് ജീവനക്കാരിയായ ഫ്രഞ്ച് വനിതയെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നവംബർ എട്ടിന് ബാന്ദ്ര വെസ്റ്റിലായിരുന്നു സംഭവം. സംഭവത്തിൽ ധാരാവിയിലെ ആക്രിക്കച്ചവടക്കാരനായ സുനിൽ വഗേല (25)യെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പാലി ഹില്ലിലുള്ള തന്റെ സുഹൃത്തിനെ കണ്ട് തിരിച്ചു തന്റെ വീട്ടിലേക്ക് വരുന്ന വഴിയാണ് സ്കൂട്ടറിലെത്തിയ പ്രതി യുവതിയെ മോശമായി സ്പർശിക്കുന്നത്. സംഭവത്തിൽ നവംബർ 14- ന് യുവതി സമർപ്പിച്ച പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ അമ്പതിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടുപിടിക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയുകയും ചെയ്തത്.
സോൺ 4 ഡിസിപി ദീക്ഷിത് ഗെഡാം, എസിപി ആദിക്‌റാവു പോൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ഇയാക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ ക്രിമിനൽ ബലപ്രയോഗം നടത്തിയതിന് ബിഎൻഎസ് സെക്ഷൻ 74 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഞായറാഴ്ച ബാന്ദ്രയിലെ അവധിക്കാല കോടതിയിൽ ഹാജരാക്കിയ ഇയാളെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
















