രാജ്യത്ത് ക്രൈസ്തവ സമൂഹം നേരിടുന്ന അതിക്രമങ്ങളുടെ തുടർക്കഥയായി, ഹരിയാനയിലെ റോഹ്തക് ജില്ലയിൽ പ്രാർഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികൾക്ക് നേരെ ഹിന്ദുത്വ വാദികളുടെ ക്രൂരമായ ആക്രമണം. വിശ്വാസികളെ കയ്യേറ്റം ചെയ്യുകയും, ബൈബിൾ പിടിച്ചെടുത്ത് പരസ്യമായി കത്തിക്കുകയും ചെയ്ത അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷ ആക്രമണങ്ങളുടെ ഭീതിജനകമായ ചിത്രം വെളിപ്പെടുത്തുന്നു.
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ, അക്രമികൾ ക്രൈസ്തവ വിശ്വാസികളെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നതും, അവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ വൃത്തികെട്ടതാണെന്ന് ആക്ഷേപിക്കുന്നതും വ്യക്തമായി കേൾക്കാം. ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട്, വിശ്വാസികളെക്കൊണ്ടുതന്നെ ബൈബിൾ കത്തിക്കാൻ നിർബന്ധിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. ഈ സംഭവം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള മതപരമായ വിവേചനത്തിന്റെ തീവ്രത വർധിക്കുന്നു എന്നതിന്റെ സൂചനയാണ്.
റോഹ്തക്കിലെ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. നിർബന്ധിത മതപരിവർത്തനം ആരോപിച്ചുകൊണ്ട് ഉത്തരേന്ത്യയിൽ വൈദികർ നിരന്തരം ആക്രമിക്കപ്പെടുന്നത് ഇന്ന് നിത്യസംഭവമായി മാറിയിരിക്കുകയാണ്. അടുത്തിടെ ഛത്തീസ്ഗഢിലെ ഗ്രാമങ്ങളിൽ ‘ക്രിസ്ത്യൻ പാസ്റ്റർമാർക്കും മതംമാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനമില്ല’ എന്ന ബോർഡുകൾ സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. വർഗീയതയുടെ പുതിയ തുടക്കമാണിതെന്ന് സിറോ മലബാർ സഭ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഈ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച് കൂടുതൽ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.
















