യുഎഇയിൽ നിന്ന് രണ്ട് വർഷത്തിലേറെയായി കാണാതായ ഇന്ത്യൻ പൗരനായ രാകേഷ് കുമാർ ജാംഗിദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) ഇനാം പ്രഖ്യാപിച്ച് ദുബായിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ. പന്തീയോൺ ഡവലപേഴ്സിന്റെ സ്ഥാപകനും ചെയർമാനുമായ കൽപേഷ് കിനരിവാലയാണ് കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കി സഹായവുമായി രംഗത്തെത്തിയത്. കാണാതായ തൊഴിലാളിയെ കണ്ടെത്താൻ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള സഹായത്തിനായുള്ള അഭ്യർഥനകൾ ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക പ്രഖ്യാപനം.
2023 ജൂലൈയിലാണ് രാകേഷിനെ ദുബായിൽ നിന്ന് കാണാതായത്. രാകേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചയുടൻ അധികൃതർക്ക് കൈമാറുമെന്നും ഇനാം തുക രാകേഷിന്റെ തിരോധാനത്തെക്കുറിച്ച് സ്ഥിരീകരിക്കാൻ കഴിയുന്ന വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുമെന്നും കൽപേഷ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ജുൻഝുനു സ്വദേശിയായ രാകേഷ്, ജോലി തേടി 60 ദിവസത്തെ ടൂറിസ്റ്റ് വീസയിലാണ് 2023 ജൂൺ 21ന് ദുബായിൽ എത്തിയത്. രണ്ടാഴ്ചയോളം അദ്ദേഹം കുടുംബവുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, 2023 ജൂലൈ ആറിന് രാവിലെയാണ് കുടുംബത്തിന് അവസാനമായി അദ്ദേഹത്തിന്റെ കോൾ ലഭിച്ചത്. ജബൽ അലിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 14-ാം നിലയിൽ രണ്ടുപേർ തമ്മിൽ വഴക്കുണ്ടായെന്നും അതിലൊരാൾ ഇളയ സഹോദരി മരിച്ചതായി പറഞ്ഞെന്നും അതിനാൽ താൻ താഴത്തെ നിലയിലേക്ക് ഓടിപ്പോകുകയാണെന്നുമാണ് രാകേഷ് സഹോദരൻ മഖൻ ലാലിനോട് പറഞ്ഞത്. സഹോദരി അടുത്ത് തന്നെയുണ്ടെന്ന് കുടുംബം ഉറപ്പുനൽകിയെങ്കിലും രാകേഷ് അസ്വസ്ഥനായിരുന്നു. അതായിരുന്നു അവസാനത്തെ ഫോൺ വിളി.
രാകേഷ് പിന്നീട് വിളിക്കാതെ വന്നതോടെ കുടുംബം ദുബായിലെ ജോലി ഏർപ്പെടുത്തിക്കൊടുത്ത ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ മറുപടികളാണ് ലഭിച്ചത്. 2024 മാർച്ചിൽ ഏജന്റ് ഒരു വോയ്‌സ് സന്ദേശം അയച്ചു. രാകേഷ് ജയിലിലാണെന്നും കുടുംബത്തിൽ നിന്ന് ആരെങ്കിലും ദുബായിലേക്ക് വരണമെന്നും അതിൽ പറഞ്ഞിരുന്നു. മഖൻ ഉടൻ ദുബായിൽ പറന്നെത്തി. ആശുപത്രികൾ, തടങ്കൽ കേന്ദ്രങ്ങൾ, നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തിരഞ്ഞു. അൽ മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ മിസ്സിങ് റിപ്പോർട്ട് നൽകിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. മുംബൈയിൽ ഒരു ട്രെയിൻ അപകടത്തിൽ ഒരു സഹോദരനെ നഷ്ടപ്പെട്ടിരുന്നുവെന്ന് മഖൻ ലാൽ പറയുന്നു. രാകേഷിനെ കാണാതായ ശേഷം ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ വല്ലാതെ അസ്വസ്ഥനാവുകയും ഉറക്കത്തിനിടെ മരിക്കുകയും ചെയ്തു. ഇപ്പോൾ ഞങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ മൂന്നാമത്തെ മകൻ ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും അറിയാതെ ഓരോ ദിവസവും തള്ളി നീക്കുകയാണ്. തങ്ങൾക്ക് ലഭിച്ച ഈ പിന്തുണയിൽ കുടുംബം ആശ്വാസം പ്രകടിപ്പിച്ചു.
STORY HIGHLIGHT : real-estate-developer-offers-reward-for-missing-indian-expat-in-dubai
















