തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നിർണ്ണായക തീരുമാനമെടുക്കും.
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഹിയറിംഗ് നടത്തിയത്. വോട്ട് ചേർക്കപ്പെട്ടാൽ വൈഷ്ണയ്ക്ക് മത്സരിക്കുന്നതിന് തടസ്സമുണ്ടാകില്ല.
എന്നാൽ, ‘ശരിയായ തീരുമാനം’ എടുത്തില്ലെങ്കിൽ സവിശേഷ അധികാരം ഉപയോഗിക്കുമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ടട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു. ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേർത്തത് എന്ന പരാതിയിൽ സിപിഎം പ്രവർത്തകൻ ധനേഷ് ഉറച്ചുനിന്നു.
വോട്ട് വെട്ടിയതിനെ കോർപ്പറേഷനും ന്യായീകരിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് കോടതിയെ അറിയിക്കും. വോട്ട് ചേർത്താൽ വൈഷ്ണക്ക് മത്സരിക്കാൻ തടസ്സമുണ്ടാകില്ല.
















